മനാമ: വിവാഹ മോചനത്തിന് വന്‍തുക നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ഒടുവില്‍ കോടതി വിധിയിലൂടെ വിവാഹ മോചനം നേടി ബഹ്‌റൈനി യുവതി. സെക്കന്‍ഡ് സുപ്രീം ജഫരി ശരീയത് അപ്പീല്‍ കോടതിയുടേതാണ് വിധി. പിന്മാറാന്‍ കഴിയാത്ത തരത്തിലുള്ള ഇറവോക്കബിള്‍ ഡിവോഴ്‌സ് ആണ് അനുവദിച്ചിരിക്കുന്നത്.
2022 ലാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. പിന്നീട് ഭാര്യയ്ക്ക് ആവശ്യമായ സഹായമോ സാമ്പത്തിക പിന്തുണയോ നല്‍കിയിരുന്നില്ല. ഫോണ്‍ ഉള്‍പ്പെടെ എല്ലാ കമ്മ്യൂണിക്കേഷനും ബ്ലോക്ക് ചെയ്തു. ഒരുമിച്ച് ജീവിതം തുടരാമെന്ന് മറ്റുള്ളവര്‍ മുഖേന ഭര്‍ത്താവിനെ അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും വിവാഹ മോചനം വേണമെങ്കില്‍ നല്ലൊരു തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയല്‍ ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
കോടതി വിവാഹ മോചനം അനുവദിച്ചതോടെ നിയമപരമായ കാത്തിരിപ്പ് കാലയളവ് പൂര്‍ത്തിയായാല്‍ യുവതിക്ക് മറ്റൊരു വിവാഹം കഴിക്കാം. ബഹ്‌റൈന്‍ കുടുംബ നിയമ പ്രകാരം വ്യക്തമായ കാരണമില്ലാതെ ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ ഭാര്യയ്ക്ക് വിവാഹ മോചനം നേടാന്‍ അനുമതിയുണ്ട്.