ആലപ്പുഴ: കരീലക്കുളങ്ങരയില്‍ പാഴ്‌സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിലെ പ്രതിയും ബഹ്റൈനിലെ പ്രവസിയുമായ ഭരത്രാജ് പഴനി (28) മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ സതീഷിന്റെ സഹോദരനാണ്.
കവര്‍ന്ന പണം സതീഷ് കൈമാറിയത് ഭരത്രാജിനാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സതീഷിന്റെ നിര്‍ദേശപ്രകാരം ജയദാസ് എന്ന മറ്റൊരു പ്രതി ബൈക്കില്‍ എത്തിയ രണ്ടുപേര്‍ക്ക് പണം കൈമാറിയിരുന്നു. അത് ഭരത്രാജാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളുടെ വിവിധ താമസസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
ഒരു മാസം മുമ്പാണ് ഇയാള്‍ ബഹ്റൈനില്‍ നിന്ന് വന്നത്. തിരികെ പോകാനുള്ള സാധ്യത മുന്നില്‍കണ്ട് അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. മടക്കയാത്രയ്ക്കായി ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.