മനാമ: വീട്ടുജോലിക്കാരിയെ ശമ്പളം നല്‍കാതെയും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചും ചൂഷണം ചെയ്ത ബഹ്‌റൈനി സ്ത്രീയ്ക്ക് 3 വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും. 25കാരിയായ ഗാര്‍ഹിക തൊഴിലാളി ഏഷ്യന്‍ പൌരയാണ്. യുവതിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവ് വഹിക്കാനും കോടതി ഉത്തരവിട്ടു.
പ്രതിമാസം 120 ദിനാറിന് വീട്ടുജോലി പ്രതീക്ഷിച്ചാണ് യുവതി സന്ദര്‍ശക വിസയില്‍ ബഹ്‌റൈനില്‍ എത്തിയത്. പ്രതിയായ സ്ത്രീയുടെ വീട്ടില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ശമ്പളം നല്‍കിയില്ല. മാത്രമല്ല പാസ്‌പോര്‍ട്ടും പിടിച്ചുവച്ചു. രാത്രിയില്‍ അടുക്കളയിലെ തറയില്‍ വേണം കിടന്നുറങ്ങാന്‍.
ഒമ്പത് വീടുകളിലേക്ക് അനധികൃതമായി ജോലിക്കായി പറഞ്ഞയക്കുകയും അവിടെ നിന്ന് ലഭിക്കുന്ന തുക പ്രതി നേരിട്ട് വാങ്ങിയെടുക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 200 ദിനാര്‍ മാത്രമാണ് യുവതിക്ക് നല്‍കിയത്. 800 ദിനാറോളം ശമ്പളമായി തന്നെ പ്രതി നല്‍കാനുണ്ട്.
ജോലി ചെയ്തിരുന്ന വീടുകളിലൊന്നിലെ അംഗങ്ങള്‍ നിയമപരമായി തന്നെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.