മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 5,000 ദിനാര്‍ വീതം പിഴയും അടക്കണം. പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ച ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നാം പ്രതി തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് വിമാനത്താവളം വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
രാജ്യം വിടാന്‍ ശ്രമിച്ച ഇയാളെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. കൂടുതല്‍ അന്വേഷണങ്ങളില്‍ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതായി കണ്ടെത്തിയ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.