മനാമ: മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ബഹ്റൈന്റെ ഉറച്ച പ്രതിബദ്ധത അറിയിച്ച് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫാദേല്‍ അല്‍ ബുഐനൈന്‍. മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്‌റൈന്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്ത് കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്റെ പങ്കും അദ്ദേഹം അറിയിച്ചു. മനുഷ്യക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ച മേഖലയിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈനെന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണ്ണതയും ഗൗരവവും സംബന്ധിച്ച് വ്യക്തമായ ധാരണയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പിന്തുണയുമാണ് മനുഷ്യക്കടത്ത് തടയുന്നതിലെ ബഹ്റൈന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇവരുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.