മനാമ: ബഹ്റൈന്റെ കാര്‍ഷിക പൈതൃകത്തെയും ഈന്തപ്പനയുടെ പ്രാധാന്യത്തെയും ആഘോഷിക്കുന്ന ഈന്തപ്പനമേളയുടെ ആറാം പതിപ്പിന് തുടക്കം. ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അല്‍ ആലിയിലെ ഫാര്‍മേഴ്സ് മാര്‍ക്കറ്റില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഫെസ്റ്റ് നടക്കുക.
ബഹ്റൈന്‍ വികസന ബാങ്ക് (ബിഡിബി) ഗ്രൂപ്പിന്റെ കീഴില്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ (എന്‍ഐഎഡി) സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കര്‍ഷകരെയും ചെറുകിട ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ബഹ്റൈന്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനും മേളയില്‍ അവസരമുണ്ട്. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ വര്‍ക്ക്ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിര്‍മിച്ച വിഭവങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ മേളയില്‍ ആസ്വദിക്കാം.