മനാമ: വാട്ടര്‍ സ്‌പോര്‍ട്‌സ് മേഖലയുടെ പ്രാദേശിക ഹബ്ബായി മാറാനൊരുങ്ങി ബഹ്റൈന്‍. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ അക്വാട്ടിക്‌സ് ഫെഡറേഷന്‍ വേള്‍ഡ് അക്വാട്ടിക്‌സ് ഫെഡറേഷനുമായി സഹകരിച്ച് രാജ്യത്ത് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ‘ബഹ്റൈന്‍ സെന്റര്‍ ഓഫ് എക്സലന്‍സ്’ ആരംഭിക്കുന്നു.
ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബഹ്റൈനുമായി സഹകരിച്ചാണ് സെന്റര്‍ സ്ഥാപിക്കുന്നത്. നീന്തല്‍, ഡൈവിങ്, ആര്‍ട്ടിസ്റ്റിക് നീന്തല്‍, ഓപണ്‍ വാട്ടര്‍ സ്വിമിങ്, വാട്ടര്‍ പോളോ എന്നിവയിലെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ പ്രതിഭകളെ പരിശീലിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുള്ള ഒരു പ്രാദേശിക വേദിയായി ഇവിടം പ്രവര്‍ത്തിക്കും.
ബഹ്റൈന്‍ അക്വാട്ടിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അബ്ദുള്ള അതീയ, ബഹ്റൈന്‍ ഒളിംപിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് അഹമ്മദ് അബ്ദുള്‍ഗഫാര്‍, ഫെഡറേഷന്‍ ബോര്‍ഡ് അംഗം ഫര്‍ഹാന്‍ സാലേഹ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കും കായിക പരിപാടികളും ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ വര്‍ദ്ധിപ്പിക്കുകയും ആഗോള തലത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ഒരു പുതിയ തലമുറ ബഹ്റൈന്‍ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.