മനാമ: ബഹ്റൈനിലെ താമസക്കാര്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഓഗസ്റ്റ് 4 മുതല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആണ് മികച്ച ഇന്‍ഷൂറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുക.
ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് ‘ഹക്കീം പ്രോഗ്രാം’ എന്നറിയപ്പെടുന്ന അഞ്ച് വര്‍ഷത്തെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പ്രൈമറി, സെക്കന്‍ഡറി, എമര്‍ജന്‍സി ആരോഗ്യ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ഹക്കീം പ്രോഗ്രാമിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.