മനാമ: ആഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങളും ബഹ്റൈന്‍ മാളിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (ഐസിഎസി) ആയിരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സനാബിസിലെ ബഹ്റൈന്‍ മാളിന്റെ ഒന്നാം നിലയിലുള്ള കെഎ വിസ സര്‍വീസസിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
എംബസിയില്‍ മുമ്പ് നല്‍കിയിരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ഐസിഎസിയില്‍ സേവനങ്ങള്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് അവരുടെ പ്രോസസ്സ് ചെയ്ത രേഖകള്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലാതെ പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് വാങ്ങാം.
EoIBH കണക്ട് ആപ്പ് ഇനി ഉപയോഗത്തിലില്ലാത്തതിനാല്‍, www.skylane.com/bh/india വെബ്‌സൈറ്റിലൂടെ മാത്രമേ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഇന്ത്യാ ഗവണ്‍മെന്റ് ഫീസുകള്‍ക്ക് പുറമേ, ബാധകമായ ബാങ്ക് ഫീസുകള്‍ക്കൊപ്പം 180 ഫില്‍സ് സര്‍വീസ് ചാര്‍ജും ഉണ്ടാകും.
അപേക്ഷകര്‍ക്ക് പണമായി നേരിട്ടോ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ബെനിഫിറ്റ് അല്ലെങ്കില്‍ എസ്ടിസി പേ എന്നിവ ഉപയോഗിച്ചോ പണമടയ്ക്കാം. അപേക്ഷയോടൊപ്പം യഥാര്‍ത്ഥ രേഖകള്‍ കയ്യില്‍ കരുതുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ംww.eoibahrain.gov.in സന്ദര്‍ശിക്കുക.