മനാമ: സോഷ്യല്‍ മീഡിയയില്‍ ‘അനുചിതമായ’ വീഡിയോ പങ്കുവെച്ച പ്രവാസി യുവതിക്ക് ഒരു വര്‍ഷം തടവും 200 ദിനാര്‍ പിഴയും വിധിച്ച് മൈനര്‍ ക്രിമിനല്‍ കോടതി. കോടതി അവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടു.
പൊതു ധാര്‍മ്മികതയ്ക്കും രാജ്യത്തിന്റെ ആചാരങ്ങള്‍ക്കും വിരുദ്ധമായ വീഡിയോയാണ് യുവതി പങ്കുവെച്ചതെന്ന് സൈബര്‍ ക്രൈം ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സാമൂഹിക വിരുദ്ധ’ കണ്ടന്റുകളുള്ള യുവതിയുടെ അക്കൗണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍ കാണിച്ചു. അത് തന്റേതാണെന്ന് യുവതി സമ്മതിച്ചു. അന്വേഷണത്തിനിടെ പ്രോസിക്യൂഷന്‍ അവരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.