മനാമ: ബഹ്റൈനിലെ പള്ളികള്‍, കമ്യൂണിറ്റി ഹാളുകള്‍, ഖുര്‍ആന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി കൗണ്‍സിലര്‍മാര്‍. ജല സംരക്ഷണം മുന്‍നിര്‍ത്തിയാണ് കൗണ്‍സിലര്‍മാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തെക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലത്തീഫ്, മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ എന്നിവര്‍ സംയുക്തമായാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്.
നിര്‍ദേശം നിലവില്‍ നീതിന്യായ, ഇസ്‌ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് അല്‍ മഅാവദയുടെ അവലോകനത്തിനും നടപ്പാക്കലിനുമായി കൈമാറാന്‍ ഒരുങ്ങുകയാണ്. പള്ളികളിലും മറ്റ് മതപരമായ സ്ഥലങ്ങളിലും, പ്രത്യേകിച്ച് അംഗശുദ്ധി വരുത്തുമ്പോള്‍ ദിവസവും വലിയ അളവില്‍ വെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു.
പലപ്പോഴും വെള്ളം അനാവശ്യമായി ചെലവാകാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി ഓട്ടോമാറ്റിക് സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ചില വാണിജ്യ സ്ഥാപനങ്ങളില്‍ ഇതിനകം നടപ്പാക്കിയ വിജയകരമായ മാതൃകകളെ അടിസ്ഥാനമാക്കിയാണ് ഈ ആശയം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വലിയ തോതില്‍ പുതിയ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ചെലവ് വിലയിരുത്തുന്നതിനും നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള സാധ്യതയുള്ള സബ്‌സിഡികള്‍ കണ്ടെത്താനും ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കാനും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശം ആഗസ്റ്റില്‍ ആരംഭിക്കുന്ന കൗണ്‍സില്‍ യോഗങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കിടും.