മനാമ: സോഷ്യല്‍ മീഡിയയില്‍ വിഭാഗീയ ഉള്ളടക്കമുള്ള വിഡിയോ പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താനും ഭിന്നതയുണ്ടാക്കാനും ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റില്‍. 36 വയസ്സുകാരനായ ഇയാളുടെ പൗരത്വം പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാവിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. ഇത്തരത്തിലൊരു പോസ്റ്റിനെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും വിഡിയോ ക്ലിപ്പുകള്‍ പരിശോധിക്കുകയും ചെയ്തു.
ഈ ക്ലിപ്പുകളില്‍ പ്രതി ചില വിഭാഗങ്ങളെയും അവരുടെ മതപരമായ വിശ്വാസങ്ങളെയും ലക്ഷ്യംവെക്കുന്നതായി വ്യക്തമായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ലഭിക്കുകയും ചെയ്ത ശേഷം, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വെക്കാന്‍ ഉത്തരവിട്ടു. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.