മനാമ: വോയ്സ് ഓഫ് ആലപ്പി സജീവ പ്രവര്‍ത്തകനും, വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേര്‍പാടില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേയ്ക്ക് പോയ മനു, വീടിനടുത്തുവച്ച് നടന്ന ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ച്ചയ്ക്കിടെയായിരുന്നു അപകടം.
സല്‍മാനിയയിലെ കലവറ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ വോയ്സ് ഓഫ് ആലപ്പി ട്രെഷറര്‍ ബോണി മുളപ്പാംപള്ളില്‍ ആമുഖ അനുസ്മരണം നടത്തി. തുടര്‍ന്ന് അല്‍പസമയത്തെ മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം എല്ലാവരും മനുവിന് പുഷ്പാര്‍ച്ചന നടത്തി. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി എന്നിവര്‍ അനുസ്മരിച്ചു സംസാരിക്കുകയും, ഏകമകനെ നഷ്ടപ്പെട്ട ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയിന്‍ സെക്രട്ടറി ജോഷി നെടുവേലില്‍, മീഡിയ വിംഗ് കണ്‍വീനര്‍ ജഗദീഷ് ശിവന്‍ എന്നിവരും അനുസ്മരിച്ച് സംസാരിച്ചു. വടംവലി ടീം അംഗം ആയിരുന്ന മനുവിന്റെ വിയോഗം ടീമിന് നികത്താനാവാത്ത വിടവ് ആണെന്നും, ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ മനു തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു അനുജനെപ്പോലെ ആയിരുന്നെന്നും വോയ്സ് ഓഫ് ആലപ്പി സ്‌പോര്‍സ് വിംഗ് കണ്‍വീനര്‍ ഗിരീഷ് ബാബു പറഞ്ഞു.
വോയ്സ് ഓഫ് ആലപ്പി റിഫാ ഏരിയ അംഗമായിരുന്ന മനുവിന്റെ വിയോഗം തങ്ങള്‍ക്കാര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളനായിട്ടില്ലെന്ന് റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാര്‍ പറഞ്ഞു. ബഹ്റൈന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് പൗലോസ്, മനുവിന്റെ അടുത്ത സുഹൃത്തും വോയ്സ് ഓഫ് ആലപ്പി അംഗവുമായ അഭിലാഷ് മണിയന്‍, ലേഡീസ് വിങ്ങിനുവേണ്ടി എക്‌സിക്യൂട്ടീവ് അംഗം നന്ദന പ്രശോബ് ഉള്‍പ്പടെ നിരവധിപ്പേര്‍ അനുസ്മരിച്ച് സംസാരിച്ചു.
വോയ്സ് ഓഫ് ആലപ്പി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, ലേഡീസ് വിംഗ് അംഗങ്ങള്‍, മനുവുമായി ഏറ്റവും കൂടുതല്‍ വൈകാരിക ബന്ധമുള്ള വടംവലി ടീം അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വോയ്സ് ഓഫ് ആലപ്പി വടംവലി കോര്‍ട്ടില്‍ വച്ച് വടം വലി ടീമിന്റെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.