മനാമ: റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി കാമ്പയിന്‍ നടപ്പാക്കാനൊരുങ്ങി ബഹ്‌റൈന്‍. ഭേദഗതി ചെയ്ത റോഡ് നിയമങ്ങളും ഇനിമുതല്‍ നടപ്പാക്കും. റോഡുകളില്‍ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശങ്ങളെ തുടര്‍ന്നാണിത്.
കര്‍ശനമായ ട്രാഫിക് നിയമങ്ങളും പൊതുജന ബോധവല്‍ക്കരണ പരിപാടികളും ഒരുമിച്ചാണ് പുതിയ കാമ്പയിനില്‍ നടപ്പിലാക്കൊനൊരുങ്ങത്. അപകടകരമായ ഡ്രൈവിങ് രീതികള്‍ പരിഹരിക്കുന്നതിനായി ട്രാഫിക് നിയമം അവലോകനം ചെയ്യുകയും കര്‍ശനമാക്കുകയും ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം, മാരകമായ അപകടങ്ങളിലോ അശ്രദ്ധമായ ഡ്രൈവിങ്ങിലോ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ യാത്ര ചെയ്യല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ചുമത്തും. അപകടങ്ങളില്‍ പരിക്ക് അല്ലെങ്കില്‍ മരണം സംഭവിക്കുകയാണെങ്കില്‍ പിഴ വര്‍ധിപ്പിക്കും.
നിയമപരമായ മാറ്റങ്ങള്‍ക്കൊപ്പം, സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അപകടകരമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവല്‍ക്കരണ കാമ്പയിനുകള്‍ ആരംഭിക്കും. ഗുരുതരമായ അപകടങ്ങളുടെ നിരക്ക് കുറയ്ക്കാനും കൂടുതല്‍ അച്ചടക്കമുള്ള ട്രാഫിക് അന്തരീക്ഷം കെട്ടിപ്പടുക്കാനുമാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് വര്‍ധിച്ചുവരുന്ന അപകടങ്ങളെത്തുടര്‍ന്ന് ട്രാഫിക് നിയമം സമഗ്രമായി അവലോകനം ചെയ്യാന്‍ എംപിമാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങള്‍ പൗരന്മാരുടെയും താമസക്കാരുടെയും ജീവന്‍ അപഹരിക്കുന്നുണ്ടെന്നും സ്വത്തുക്കള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എംപിമാര്‍ ആവശ്യം മുന്നോട്ട് വെച്ചത്.