മനാമ: കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബഹ്‌റൈന്‍. ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തെ കണക്കുകള്‍ പ്രകാരം, ബഹ്‌റൈന്റെ ദേശീയ കയറ്റുമതി 2.014 ബില്യണ്‍ ദിനാറിലെത്തി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയാണ് കണക്കുകല്‍ പുറത്തുവിട്ടത്. കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളും മറ്റ് വ്യാവസായിക ഉല്‍പ്പന്നങ്ങളുമായിരുന്നു.
ബഹ്റൈന്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് അസംസ്‌കൃത അലുമിനിയം അലോയികളാണ്. ഇതിന്റെ മൂല്യം 572.7 ദശലക്ഷം ദിനാറാണ്. രണ്ടാമതായി 322.3 ദശലക്ഷം ദിനാറിന്റെ ഇരുമ്പയിരുകളാണ് കയറ്റുമതി ചെയ്തത്. ഏകദേശം 5.4 ബില്യണ്‍ കിലോഗ്രാമിലധികം ഇരുമ്പയിരാണ് ഇക്കാലയളവില്‍ കയറ്റി അയച്ചത്. ഏകദേശം 449 ദശലക്ഷം കിലോഗ്രാം യൂറിയയും കയറ്റുമതി ചെയ്തു.
ബഹ്റൈന്‍ പ്രധാനമായും ലോഹങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, സ്‌ക്രാപ്പ് എന്നിവയുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അലുമിനിയവും സ്റ്റീല്‍ കോറുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്കല്‍ കേബിളുകള്‍, ഭാഗികമായി പൂര്‍ത്തിയാക്കിയ ഇരുമ്പ്, സ്റ്റീല്‍ കഷണങ്ങള്‍ എന്നിവയും കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
രാസവസ്തുക്കളുടെ വിഭാഗത്തില്‍, കൃഷിക്ക് ഉപയോഗിക്കുന്ന യൂറിയ ഏകദേശം 82 ദശലക്ഷം ദിനാറിന് കയറ്റുമതി ചെയ്തു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള മെഥനോളും വലിയ അളവില്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് സംസ്‌കരിച്ച ചീസ് ആയിരുന്നു.
ഇരുമ്പയിരിന്റെ ഭൂരിഭാഗവും അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയച്ചത്. ഈ രാജ്യങ്ങളിലേക്ക് മാത്രം 215 ദശലക്ഷം ദിനാറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു. അതേസമയം, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ കൂടുതലായി അയച്ചത് യുഎഇ, ജര്‍മ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ്.