മനാമ: ബഹ്‌റൈനില്‍ അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്താന്‍ ആഴ്ചകള്‍ തോറും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നടത്തിയ പരിശോധനകളില്‍ പിടിയിലായ 106 പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ 1,425 പരിശോധനകളില്‍ 14 നിയമവിരുദ്ധ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ സ്ഥാപനങ്ങളില്‍ 1,411 പരിശോധനാ സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഇതിനു പുറമെ, നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, അതത് ഗവര്‍ണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് 14 സംയുക്ത കാമ്പയ്‌നുകളും നടത്തി.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ആകെ 86,865 പരിശോധനാ സന്ദര്‍ശനങ്ങളും 1,215 സംയുക്ത കാമ്പയ്‌നുകളും എല്‍എംആര്‍എ നടത്തി. ഇതിന്റെ ഫലമായി 3,286 പേരെ കസ്റ്റെഡിയിലെടുക്കുകയും 10188 നിയമവിരുദ്ധരെ നാടുകടത്തുകയും ചെയ്തു.