മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎ) ‘കെസിഎ-ബിഎഫ്‌സി ഓണം പൊന്നോണം 2025’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്‌കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും നടക്കും.
ഓഗസ്റ്റ് 29 ന് തുടങ്ങി സെപ്റ്റംബര്‍ 26 ഗ്രാന്‍ഡ്ഫിനാലെയോടെ പരിപാടി അവസാനിക്കും. ബിഎഫ്‌സി ടൈറ്റില്‍ സ്‌പോണ്‍സറാകും. ഓഗസ്റ്റ് 29 ന് പതാക ഉയര്‍ത്തല്‍ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ടു ആള്‍ കാറ്റഗറിയിലും മെംബേര്‍സ് ഒണ്‍ലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങള്‍ സംഘടിപ്പിക്കും.
പായസം മത്സരം, തിരുവാതിര, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ ‘തനിമലയാളി’ ഓണപ്പുടവ മത്സരം, പഞ്ച ഗുസ്തി മത്സരം, പൂക്കളം മത്സരം എന്നിവ സംഘടിപ്പിക്കും. ബഹ്‌റൈനിലെ പ്രൊഫഷണല്‍ ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബര്‍ 19ന് കെസിഎ അങ്കണത്തില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 26 വെള്ളിയാശ്ച കെസിഎ പരിസരത്ത് ഗ്രാന്‍ഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ ”ഓണസദ്യ” സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച കെസിഎ ഹാളില്‍ നടക്കും.
ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ റോയ് സി ആന്റണി, വൈസ് ചെയര്‍മാന്‍ തോമസ് ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയ ജോബി ജോര്‍ജ്, ബോണ്‍സി ജിതിന്‍, പ്രോഗ്രാം കണ്‍വീനഴ്സും കെസിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോര്‍ ഗ്രൂപ്പ് അംഗങ്ങളും ഉള്‍പ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ-ബിഎഫ്‌സി ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.