മനാമ: ഹാഫിറ പ്രദേശത്ത് നടന്ന വാഹനാപകടത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി ട്രാഫിക് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ചീഫ് അറിയിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ബസ് ഡ്രൈവര്‍ നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകട കരണം എന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റാരോപിതനായ ഡ്രൈവറെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിനെതിരായ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടയില്‍ അദ്ദേഹത്തെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കി.