മനാമ: ബഹ്റൈനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താനും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരുപയോഗം തടയാനും ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിര്‍ദേശം. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് നിര്‍ദേശം സമര്‍പ്പിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകള്‍ അവലോകനം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി ഒരു കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കണമെന്ന് പ്രതിനിധി കൗണ്‍സില്‍ അംഗമായ എം.പി മുഹമ്മദ് ഹുസൈന്‍ ജനാഹിയുടെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഒരു വിദേശ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണിത്. രാജ്യത്തെ തൊഴില്‍, അക്രഡിറ്റേഷന്‍ സംവിധാനത്തിലെ പഴുതുകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജനാഹി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സര്‍ക്കാര്‍ ജോലി നേടുന്ന എല്ലാ വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം, സിവില്‍ സര്‍വീസ് ബ്യൂറോ, വിദേശകാര്യ മന്ത്രാലയം എന്നിവയ്ക്കിടയില്‍ ഒരു സംയുക്ത കേന്ദ്ര കമ്മിറ്റി രൂപീകരിക്കണം എന്ന് നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും വീണ്ടും ഓഡിറ്റ് ചെയ്യുക, നിയമനം, സ്ഥാനക്കയറ്റം അല്ലെങ്കില്‍ കരാര്‍ പുതുക്കല്‍ തുടങ്ങിയ സാഹചര്യങ്ങളിലും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുക എന്നതുള്‍പ്പെടെ സമഗ്രമായ മേല്‍നോട്ട ജോലികള്‍ക്ക് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
ഇത്തരം നിയമങ്ങള്‍ മൂലം പൊതു ഫണ്ട് പാഴാകുന്നത് മാത്രമല്ല, വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രകടനത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.