മനാമ: ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം 99.96% സ്ഥാപനങ്ങളും നടപ്പാക്കിയെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഖീല്‍ അബുഹുസൈന്‍. തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചത്.
രാജ്യത്തുടനീളമുള്ള ജോലി സ്ഥലങ്ങളിലായി നടത്തിയ 17,600-ലധികം പരിശോധനകളില്‍ ആറ് നിയമലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അഖീല്‍ അബുഹുസൈന്‍ പറഞ്ഞു. വേനല്‍ മാസങ്ങളില്‍ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവബോധം ഇത് എടുത്തുകാണിക്കുന്നുണ്ടെന്ന് അബുഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനില്‍ ഇതാദ്യമായാണ് മൂന്നുമാസം തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ രണ്ടു മാസമായിരുന്നു നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്ന് മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ഉച്ചസമയത്തെ ജോലി നിരോധന കാലയളവില്‍ നിരീക്ഷിക്കപ്പെടുന്ന ഏതെങ്കിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്കായി മന്ത്രാലയം ഒരു ഹോട്ട്‌ലൈനും (32265727) തുറന്നിട്ടുണ്ട്.