മനാമ: നാസര്‍ ബിന്‍ ഹമദ് മറൈന്‍ പൈതൃക സീസണിന്റെ എട്ടാം പതിപ്പിന്റെ ഭാഗമായി ഈ വാരാന്ത്യം പേള്‍ ഡൈവിംഗ് (മുത്തുവാരല്‍) മത്സരം നടക്കും. ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷനല്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയാണ് (മൗറൂത്ത്) മത്സരം സംഘടിപ്പിക്കുന്നത്. മുഹറഖിന്റെ വടക്ക് ഭാഗത്തുള്ള ഹെയര്‍ ഷാത്തിയ എന്നറിയപ്പെടുന്ന കടല്‍മേഖലയിലായിരിക്കും മത്സരം.
മത്സരത്തില്‍ നിരവധി അമച്വര്‍, പ്രൊഫഷണല്‍ ഡൈവര്‍മാര്‍ പങ്കെടുക്കും. രണ്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തില്‍, മത്സരാര്‍ഥികള്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി ചിപ്പികള്‍ ശേഖരിക്കും. പിന്നീട് ഈ ചിപ്പികളില്‍നിന്ന് മുത്തുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുക.
പൂര്‍വികരുടെ പൈതൃകം വീണ്ടെടുക്കാനും ഒരുകാലത്ത് ബഹ്റൈനിലെ ജനങ്ങളുടെ അഭിമാനത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായിരുന്ന മുത്തുകളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കാനുമുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി തലവന്‍ അഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.
ഈ സീസണില്‍ പരമ്പരാഗത തുഴച്ചില്‍ മത്സരങ്ങള്‍, കൈകൊണ്ട് മീന്‍പിടിത്തം, ശ്വാസം പിടിച്ചുനിര്‍ത്തല്‍ മത്സരം, കുട്ടികള്‍ക്കുള്ള നീന്തല്‍ മത്സരം, പുതുതായി അവതരിപ്പിച്ച ‘അല്‍ നഹാം’ (പരമ്പരാഗത കടല്‍ ഗായകന്‍) മത്സരം എന്നിവയും നടക്കും.