മനാമ: ഫലസ്തീനുള്ള പിന്തുണ വീണ്ടും ആവര്‍ത്തിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. ബഹ്‌റൈനില്‍ നിന്ന് കാലാവധി കഴിഞ്ഞുപോകുന്ന ഫലസ്തീന്‍ അംബാസഡര്‍ താഹ മുഹമ്മദ് അബ്ദുല്‍ ഖാദറിന് സഫ്രിയ കൊട്ടാരത്തല്‍ നല്‍കിയ സ്വീകരണത്തിലാണ് ഹമദ് രാജാവ് ഫലസ്തീനുള്ള പിന്തുണ വീണ്ടും ആവര്‍ത്തിച്ചത്.
കൂടിക്കാഴ്ചയില്‍ ബഹ്റൈനും ഫലസ്തീനും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. കൂടാതെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ഹമദ് രാജാവ് ടെലിഫോണില്‍ സംസാരിച്ചു. സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങള്‍ക്കും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ഹമദ് രാജാവ് ഉറപ്പ് നല്‍കി.
ബഹ്റൈന്‍-ഫലസ്തീന്‍ ബന്ധം മെച്ചപ്പെടുത്താന്‍ അംബാസഡര്‍ നടത്തിയ ശ്രമങ്ങളെ രാജാവ് അഭിനന്ദിക്കുകയും അദ്ദേഹത്തിന് തുടര്‍ന്നും വിജയാശംസകള്‍ നേരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, അംബാസഡര്‍ക്ക് ഓര്‍ഡര്‍ ഓഫ് ബഹ്റൈന്‍ (വിസാം അല്‍ ബഹ്റൈന്‍), ഫസ്റ്റ് ക്ലാസ് നല്‍കി ഹമദ് രാജാവ് ആദരിച്ചു.