മനാമ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ‘ഹെല്‍ത്തി ഗവര്‍ണറേറ്റ്’ പദവി നേടി മുഹറഖ് ഗവര്‍ണറേറ്റ്. ഡബ്ല്യുഎച്ച്ഒയുടെ ഹെല്‍ത്തി സിറ്റീസ് പ്രോഗ്രാമിന് കീഴിലുള്ള ‘ഹെല്‍ത്തി ഗവര്‍ണറേറ്റ്’ പദവിയാണ് മുഹറഖ് സ്വന്തമാക്കിയത്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ മുഹറഖ് ഗവര്‍ണറേറ്റ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
നേട്ടത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളോട് മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നായി നന്ദി അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും മുഹറഖിലെ ജനങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി രേഖപ്പെടുത്തി.
ഈ അംഗീകാരം ഭരണനേതൃത്വത്തിന്റെ മികച്ച കാഴ്ചപ്പാടിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഗവര്‍ണറേറ്റിന്റെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണെന്ന് ഗവര്‍ണര്‍ അല്‍ മന്നായി പറഞ്ഞു.
നഗരങ്ങളെയും ഗ്രാമങ്ങളെയും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹെല്‍ത്തി സിറ്റീസ് പ്രോഗ്രാം’ പ്രവര്‍ത്തിക്കുന്നത്. ഈ പരിപാടിക്ക് കീഴില്‍ വരുന്ന നഗരങ്ങള്‍ ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം, പാരിസ്ഥിതിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തണം.