മനാമ: രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഇവ) അറിയിച്ചു. 50 മെഗാവാട്ട് വരെ ഉത്പാദന ശേഷിയുള്ള പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വികസിപ്പിക്കുക. ബഹ്‌റൈനിന്റെറ തെക്കന്‍ മേഖലയില്‍, ബിലാജ് അല്‍ ജസായറിനടുത്ത് ഏകദേശം 1.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിലയം സ്ഥാപിക്കുന്നത്.
2060 ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ ഉദ്വമനം എന്ന ബഹ്‌റൈനിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഒന്നാണിതെന്ന് ഇവ പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രാദേശിക, അന്താരാഷ്ട്ര ഡെവലപ്പര്‍മാരുമായും മറ്റ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്താന്‍ ഓഗസ്റ്റ് 14-ന് ഒരു ഗ്ലോബല്‍ മാര്‍ക്കറ്റ് സൗണ്ടിംഗ് സംഘടിപ്പിക്കും. മത്സരാധിഷ്ഠിത ടെന്‍ഡര്‍ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. ഈ വര്‍ഷം നാലാം പാദത്തില്‍ ടെന്‍ഡര്‍ പുറപ്പെടുവിക്കും. 2027 മൂന്നാം പാദത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലയം പ്രവര്‍ത്തനക്ഷമമായാല്‍ ഏകദേശം 6,300 വീടുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ വൈദ്യുതി, പ്ലാന്റ് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 1,00,000 ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം വാര്‍ഷികമായി കുറയ്ക്കുന്നതിനും ബഹ്‌റൈന്റെ പാരിസ്ഥിതിക സുസ്ഥിരതാ ലക്ഷ്യങ്ങളും ഊര്‍ജ പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.