മനാമ: ബഹ്റൈനില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. 500 കാമറകളാണ് സ്ഥാപിക്കുക. ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കാനും റോഡുകളിലെ അച്ചടക്കം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. റോഡപകടങ്ങള്‍ കുറക്കാനും ജീവന്‍ രക്ഷിക്കാനും ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ കൂടി ഭാഗമാണിത്.
റെഡ് ലൈറ്റ് മറികടക്കുക, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ കാമറകള്‍ സഹായിക്കുമെന്ന് ട്രാഫിക് കള്‍ചര്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ഖാലിദ് ബുഖൈസ് പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വീട്ടില്‍നിന്നും സ്‌കൂളുകളില്‍നിന്നും ആരംഭിക്കണമെന്നും അതിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.