മനാമ: വ്യാജ ഫോണ്‍ കോളിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് ഏഷ്യന്‍ പൗരന്മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇരയ്ക്ക് ഫോണ്‍ കോള്‍ ലഭിച്ചത്.
തട്ടിപ്പുകാരുടെ നിര്‍ദേശം അനുസരിച്ച് വിവിധ കോഡുകള്‍ നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് 1,000 ബഹ്റൈന്‍ ദിനാറില്‍ കൂടുതല്‍ നഷ്ടപ്പെട്ടു. തട്ടിപ്പിലൂടെ പണം നഷ്ടമായെന്ന് മനസ്സിലാക്കിയ ഇയാള്‍ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ പരാതി നല്‍കി. ഒരു ഇലക്ട്രോണിക് വാലറ്റ് സ്ഥാപനത്തിന്റെ സഹായത്തോടെ പോലീസ് പണത്തിന്റെ നീക്കം കണ്ടെത്തി.
പ്രതികളിലൊരാള്‍ കറന്‍സി എക്‌സ്‌ചേഞ്ചില്‍ നിന്ന് പണം പിന്‍വലിച്ച് വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. എക്‌സ്‌ചേഞ്ചിലെ സുരക്ഷാ കാമറയില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പ്രതിയെ പിടികൂടുകയും ചെയ്തു.