മനാമ: കുട്ടികളുടെ ജനനം സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രവാസികളെ ഓര്‍മ്മപ്പെടുത്തി ബഹ്റൈന്‍. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് കാരണം കുഞ്ഞുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ക്ക് കാലതാമസം നേരിടും. ഇത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുട്ടികളുടെ ജനനം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ ബഹ്റൈനില്‍ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങേണ്ടി വരും. പ്രസവവുമായി ബന്ധപ്പെട്ട ഫീസ് നല്‍കിയാല്‍ ആശുപത്രിയില്‍ നിന്ന് പ്രാഥമിക രേഖ ലഭിക്കും. അതുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചാല്‍ മതി.
ഒരു ദിവസം മുതല്‍ ഏഴുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഫീസ് 0.500 ദിനാറും ഒരാഴ്ചയില്‍ കൂടുതല്‍ പ്രായമുള്ളവര്‍ കുഞ്ഞുങ്ങള്‍ക്ക് 0.900 ദിനാറുമാണ്. ജനന സര്‍ട്ടിഫിക്കറ്റ് കൃത്യ സമയത്ത് എടുത്തില്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും. ഇതിന് വലിയ ഒരു തുക നല്‍കേണ്ടി വരും. ഇതൊഴിവാക്കാന്‍ കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള നപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം എന്നിവയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം. ജനന സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് പോലും തടസമാകും. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് കുട്ടികളെ വളര്‍ത്തുന്നതും നിയമവിരുദ്ധമാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.