മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി മുഹറഖിലെ ഖലീഫ അല്‍ കബീര്‍ അവന്യൂവിന്റെ എതിര്‍ദിശയിലുള്ള ഐക്കണുകളായ വെള്ളച്ചാട്ടവും ഫാല്‍ക്കണ്‍ പ്രതിമയും നീക്കം ചെയ്തു തുടങ്ങി. വെള്ളച്ചാട്ടം പൂര്‍ണമായും പൊളിച്ചുമാറ്റുന്ന നടപടികളാണ് തുടങ്ങിയത്. ഫാല്‍ക്കണ്‍ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം.
50 വര്‍ഷത്തോളം പഴക്കമുണ്ട് സ്മാരകങ്ങള്‍ക്ക്. വിമാനത്താവള റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മേല്‍പ്പാലത്തിന് വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, പ്രദേശത്തെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക, വിമാനത്താവള പ്രവേശനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് റോഡ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാര്‍ലമെന്റിന്റെ സേവന സമിതി വൈസ് ചെയര്‍മാനും വിമാനത്താവള മേഖല എംപിയുമായ മുഹമ്മദ് അല്‍ ഒലൈവി പറഞ്ഞു.