മനാമ: അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയ 14,000ത്തിലധികം പഴകിയതും കേടായതുമായ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ചു. വ്യവസായിക, വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്നാണ് ഇവ നശിപ്പിച്ചത്. മൂന്ന് വർഷം വരെ പഴക്കമുള്ള ഉൽപന്നങ്ങളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. പിടിക്കപ്പെട്ട കമ്പനികൾ ആറുമാസത്തേക്ക് അടച്ചുപൂട്ടാനും നോട്ടീസ് നൽകിയിട്ടുണ്ട്.
കുറ്റക്കാർക്ക് കനത്ത പിഴയോടൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. വിദേശികളാണെങ്കിൽ നാടുകടത്താനും കോടതിവിധിയുണ്ട്. അസ്കറിലെ മാലിന്യസംസ്കരണകേന്ദ്രത്തിലാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണവസ്തുക്കൾ സംസ്കരിക്കുന്നത്. ഒരാഴ്ച നീണ്ട നശിപ്പിക്കൽ നടപടിയിൽ 21 ട്രക്കുകളിലായി ഫ്രോസൺ ഇറച്ചി, കോഴിയിറച്ചി, നട്സ്, മധുരപലഹാരങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടായിരുന്നു. കൂടാതെ കാലാവധി വ്യാജമായി രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കൾക്കൊപ്പം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നേരത്തേ, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യസംഭരണശാലകളും റസ്റ്റാറന്റുകളും കേന്ദ്രീകരിച്ച് രാജ്യവ്യാപക പരിശോധനകൾ നടത്തിയിരുന്നു. ലൈസൻസിങ്, സംഭരണ നിലവാരം, ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ എന്നിവ ഉറപ്പാക്കിയ പരിശോധനകളിൽ ആരോഗ്യ-നിയമപരമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും നൽകിയിരുന്നു.