മനാമ: പേൾ ഡൈവിങ് (മുത്തുവാരൽ) മത്സരത്തിൽ വിജയിയായി അബ്ദുല്ല ഖലീഫ അൽ മുഅവ്വദ. 11.14 ഗ്രാം മുത്തുകളാണ് അബ്ദുല്ല ശേഖരിച്ചത്. ശൈഖ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ എട്ടാം പതിപ്പിനോടനുബന്ധിച്ച് മുഹറഖിന് വടക്കുള്ള ഹെയർ ഷാതിയ മറൈൻ ഏരിയയിലാണ് പേൾ ഡൈവിങ് മത്സരം നടന്നത്.
മത്സരത്തിൽ 10.25 ഗ്രാം മുത്തുകൾ നേടിയ മുഹമ്മദ് ഫാദൽ അബ്ബാസ് രണ്ടാം സ്ഥാനത്തും, 9.13 ഗ്രാം മുത്തുകൾ നേടി അബ്ദുല്ല നാസർ അൽ ഖല്ലാഫ് മൂന്നാം സ്ഥാനത്തുമെത്തി. നൂറോളം മുങ്ങൽ വിദഗ്ദർ പങ്കെടുത്ത മത്സരം, ബഹ്‌റൈനിന്റെ പുരാതനമായ സമുദ്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ശേഖരിച്ച മുത്തുകളുടെ ഭാരം, തിളക്കം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ ‘തവാവിഷ്’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്.
രാജ്യത്തിന്റെ തനതായ സമുദ്ര പൈതൃകം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രധാന മത്സരങ്ങളിലൊന്നാണ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസൺ. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെയും നേരിട്ടുള്ള പിന്തുണയോടെയുമാണ് മത്സരം നടക്കുന്നത്.