മനാമ: ഐക്യരാഷ്ട്ര വികസന പദ്ധതി (യുഎൻഡിപി) പുറത്തിറക്കിയ 2025ലെ മാനവ വികസന റിപ്പോർട്ടിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ മൂന്നാമത്. ആഗോളതലത്തിൽ 38-ാം സ്ഥാനത്താണ്. 0.899 സ്കോറാണ് ബഹ്‌റൈൻ നേടിയത്. ജീവിത പ്രതീക്ഷ, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്. പൂജ്യത്തിനും ഒന്നിനും ഇടയിലാണ് സൂചികയുടെ മൂല്യം. ഉയർന്ന മൂല്യം മെച്ചപ്പെട്ട വികസനത്തെയാണ് സൂചിപ്പിക്കുന്നത്.
അറബ് ലോകത്ത് യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 15-ാം സ്ഥാനത്തുള്ള യുഎഇയുടെ സ്കോർ 0.940 ആണ്. 0.900 സ്കോറുമായി സൗദി അറേബ്യ ആഗോളതലത്തിൽ 37-ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ്. 0.886 സ്കോറുമായി അറബ് ലോകത്ത് നാലാമതും ആഗോളതലത്തിൽ 43-ാം സ്ഥാനത്തുമാണ് ഖത്തർ.
തൊട്ടുപിറകെ 0.858 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് ഒമാനാണ്. ആഗോളതലത്തിൽ 50 ആണ് ഒമാന്റെ സ്ഥാനം. അറബ് ലോകത്ത് ആറാമതും ആഗോളതലത്തിൽ 52-ാം സ്ഥാനത്തുമാണ് കുവൈത്ത്. 0.852 ആണ് കുവൈത്തിന്‍റെ സ്കോർ. അറബ് രാജ്യങ്ങളിൽ അവസാന സ്ഥാനത്ത് ഫലസ്തീനാണ്.