മനാമ: ഏറ്റവും വലിയ ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി. സ്റ്റേഡിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിത്രയിലെ സ്ഥലം ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് സാദ് അല്‍ സാഹ്ലി സന്ദര്‍ശിച്ചു.
ജനപ്രതിനിധി സഭാ കൗണ്‍സില്‍ അംഗം ജലീല അല്‍ സഈദ് അലവി, ബാപ്കോ റിഫൈനറി മോഡേണൈസേഷന്‍ പ്രോജക്ടിന്റെ ഹെല്‍ത്ത്, സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ അഹമ്മദ് ഖലീല്‍, ബാപ്കോ എനര്‍ജിയുടെ കീഴിലുള്ള ബാപ്കോ റിഫൈനിങ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
8,184 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ മൈതാനം ഒരുക്കും. കൂടാതെ സ്റ്റേഡിയത്തില്‍ ഡ്രസ്സിംഗ് റൂമുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍, കാല്‍നടക്കാര്‍ക്കായി പ്രത്യേക പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗ്രീന്‍ സ്‌പേസുകള്‍ എന്നിവയും ഉണ്ടാകും.
ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കായിക വിനോദങ്ങള്‍ക്ക് സുരക്ഷിതമായ ഒരന്തരീക്ഷം ഒരുക്കുന്നതിനുമായി കമ്മ്യൂണിറ്റി, സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ സ്ഥാപിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതിയെന്ന് എന്‍ജിനീയര്‍ അല്‍-സാഹ്ലി പറഞ്ഞു.
യുവ പ്രതിഭകളെ വളര്‍ത്താനും അവരുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കാനും അതുവഴി അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് പിന്തുണ നല്‍കിയ ബാപ്കോ എനര്‍ജി ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.