മനാമ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് നിമിറ്റ്‌സ് (സിവിഎന്‍ 68) ബഹ്‌റൈനില്‍. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി, ചെങ്കടലിലെ വെല്ലുവിളി എന്നിവ മുനിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയാണ് വിമാനവാഹിനിയെ രാജ്യത്തെത്തിച്ചത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം, യെമനിലെ ഹൂത്തി വിമതര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവക്ക് വേണ്ടിയാണ് യുഎസ്എസ് നിമിറ്റ്‌സിനെ ഈ മേഖലയില്‍ വിന്യസിച്ചത്. കഴിഞ്ഞ ആഴ്ച ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് എത്തിയ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിമിറ്റ്‌സില്‍ 5,000-ത്തിലധികം വരുന്ന നാവികരും എഫ്-18 സൂപ്പര്‍ ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്നു.
വടക്കുകിഴക്കന്‍ ആഫ്രിക്ക മുതല്‍ മിഡില്‍ ഈസ്റ്റ് വഴി മധ്യ, തെക്കന്‍ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന 21 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കപ്പല്‍. മിഡില്‍ ഈസ്റ്റ് ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ മാസം ഈ കപ്പല്‍ മറ്റൊരു യുഎസ് വിമാനവാഹിനിക്കപ്പലായ കാള്‍ വിന്‍സണിന് പകരമായും മേഖലയില്‍ എത്തിയിരുന്നു.
നേരത്തെ ഇന്‍ഡോ-പസഫിക് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കപ്പലായിരുന്നു ഇത്. നിലവില്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിയെന്ന് കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ കമാന്‍ഡറായ റിയര്‍ അഡ്മിറല്‍ ഫ്രെഡറിക് ഗോള്‍ഡ്ഹാമര്‍ പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ബഹ്റൈനുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയിലും ചെങ്കടലിലും ഉണ്ടായ സംഭവവികാസങ്ങള്‍ നമുക്കറിയാവുന്നതാണ്. സമാധാനം ഉറപ്പുവരുത്താന്‍ തങ്ങളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നതെന്നും’ ഗോള്‍ഡ്ഹാമര്‍ കൂട്ടിച്ചേര്‍ത്തു.
1975ല്‍ പ്രവര്‍ത്തനമാരംഭിച്ച യുഎസ്എസ് നിമിറ്റ്‌സിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. 51 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കപ്പലിനുണ്ട്. സാധാരണയായി 50 വര്‍ഷമാണ് ഇത്തരം വിമാനവാഹിനിക്കപ്പലുകളുടെ സേവന കാലാവധി. അതിനാല്‍ കപ്പലിനെ സേവനത്തില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 ന് ശേഷം ആദ്യമായാണ് ഒരു വിമാനവാഹിനിക്കപ്പല്‍ ബഹ്റൈനില്‍ എത്തുന്നത്. യുഎസ് നാവിക സേനയുടെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ ഒരു പ്രധാന കേന്ദ്രമാണെന്ന് റിയര്‍ അഡ്മിറല്‍ ഗോള്‍ഡ്ഹാമര്‍ വ്യക്തമാക്കി. യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനം ബഹ്റൈനിലാണ്. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ (2.5 ദശലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതി) എന്നിവ അഞ്ചാം കപ്പല്‍പടയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതാണ്.