മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ബഹ്റൈന്‍. ഒരാഴ്ചക്കുള്ളില്‍ 130 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തി. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇതില്‍ ഏറെയും. ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
ഈ മാസം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നടത്തിയ പരിശോധനയില്‍ വ്യാപകമായ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1,089 കാമ്പയ്‌നുകളും പരിശോധനകളുമാണ് ഇക്കാലയളവില്‍ നടത്തിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 13 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചു. 10 പേരെ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൗരത്വം, പാസ്‌പോര്‍ട്ട്, താമസം, സുരക്ഷാ വകുപ്പുകള്‍, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന നടന്നത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിയമ ലംഘകര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.