മനാമ: പരാതികളും നിര്‍ദേശങ്ങളും വേഗത്തിലും സൗകര്യപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമായി സൗത്ത് മുനിസിപ്പാലിറ്റി. പൊതുവായ അന്വേഷണങ്ങള്‍ക്കും ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും 17986000 എന്ന ഏകീകൃത വാട്ട്സ്ആപ് ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
ജനങ്ങളുമായി ആശയവിനിമയം നടത്താനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ അബ്ദുര്‍റഹ്‌മാന്‍ അല്‍-ബുഐനൈന്‍ പറഞ്ഞു. മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങള്‍ക്കും പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും അല്‍-ബുഐനൈന്‍ വ്യക്തമാക്കി.
തവാസുല്‍ പ്ലാറ്റ്‌ഫോം, പ്രാദേശിക പത്രങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി എപ്പോഴും സജ്ജമാണ്. മുനിസിപ്പല്‍ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പ്രത്യേക ടീമുകള്‍ ഈ കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
തവാസുല്‍ വഴിയോ 17986000 എന്ന ഏകീകൃത നമ്പറിലേക്കുള്ള ഫോണ്‍ അല്ലെങ്കില്‍ വാട്ട്സ്ആപ് വഴിയോ മറ്റ് ലഭ്യമായ വഴികളിലൂടെയോ പൗരന്മാരുമായും താമസക്കാരുമായും ആശയവിനിമയം നടത്താന്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും സജ്ജമാണെന്നും അല്‍-ബുഐനൈന്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.