മനാമ: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് യുവാക്കള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ പ്രശംസിച്ച് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയും മനുഷ്യാവകാശങ്ങള്‍ക്കായുള്ള ദേശീയ സമിതിയുടെ ചെയര്‍മാനുമായ ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. വികസനം, മനുഷ്യാവകാശങ്ങള്‍, നയതന്ത്രം എന്നിവക്ക് യുവാക്കള്‍ നല്‍കുന്ന ക്രിയാത്മക സംഭാവനയില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പിന്തുണയിലും സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സജീവ പങ്കാളികളായ ബഹ്‌റൈന്‍ യുവാക്കളുടെ നേട്ടങ്ങളെ ഡോ.അല്‍ സയാനി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് പ്രോഗ്രാം, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ (എസ്‌സിവൈഎസ്) പ്രസിഡന്റും മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ പരിപാടികളെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
എസ്സിവൈഎസ് ആദ്യ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പിന്തുണയോടെയും, ലേബര്‍ ഫണ്ടുമായും വിവിധ ദേശീയ സ്ഥാപനങ്ങളുമായും സഹകരിച്ച് യുവജനകാര്യ മന്ത്രാലയത്തിന്റെ തുടര്‍നടപടികളോടെയുമാണ് ഈ വര്‍ഷത്തെ യുവജനദിന ആഘോഷങ്ങള്‍ നടക്കുന്നത്.