മനാമ: 2025 ന്റെ തുടക്കം മുതല്‍ ജൂണ്‍ അവസാനം വരെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തെത്തിയത് 428 കപ്പലുകള്‍. 2024 ലെ ഇതേ കാലയളവില്‍ 389 കപ്പലുകളായിരുന്നു തുറമുഖത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കപ്പലുകളുടെ വരവില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ വാണിജ്യ മേഖലയിലുണ്ടായ ഉണര്‍വ്, ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ വര്‍ധനവ്, ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ വികാസം, കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ ഷിപ്പിംഗ് ഗതാഗതത്തെ ആകര്‍ഷിക്കുന്ന തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാണ് കപ്പല്‍ ഗതാഗതത്തിലെ ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ കപ്പലുകള്‍ എത്തിയത്. 82 കപ്പലുകളാണ് എത്തിയത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു മാസം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ എത്തിയത് 2024 ഡിസംബറിലാണ്. 86 കപ്പലുകളാണ് എത്തിയത്. ഏറ്റവും കുറവ് കപ്പലുകള്‍ എത്തിയത് ഏപ്രില്‍ മാസത്തിലാണ്. 56 കപ്പലുകള്‍ മാത്രമാണ് എത്തിയത്.
ബഹ്റൈന്റെ പ്രധാനപ്പെട്ട സമുദ്ര ഗതാഗത കേന്ദ്രവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന ഹബ്ബുമായാണ് ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം നിലകൊള്ളുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിലും ഈ തുറമുഖം വലിയ പങ്ക് വഹിക്കുന്നുണ്ട്.