മനാമ: 2025 ന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2.7% വളര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) യാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജിഡിപി വാര്‍ഷികാടിസ്ഥാനത്തില്‍ 3.0% വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണ, എണ്ണ ഇതര മേഖലകളില്‍ നിന്നാണ് ഈ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. റിപ്പോര്‍ട്ട് പ്രകാരം എണ്ണ, എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ യഥാക്രമം 5.3%, 2.2% വര്‍ദ്ധനവ് രേഖപ്പെടുത്തി. താമസ, ഭക്ഷ്യ സേവനങ്ങള്‍ 10.3% എന്ന ശക്തമായ വളര്‍ച്ചാ നിരക്കുമായി മുന്നിലെത്തി. സാമ്പത്തിക, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ 7.5% വളര്‍ച്ച കൈവരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായ വിലയില്‍ 5.4% വളര്‍ച്ച നേടി.
സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ആഗോള മാനദണ്ഡങ്ങള്‍, സംരംഭങ്ങളുടെ ആകര്‍ഷണ നടപടികള്‍ എന്നിവയിലൂടെ ബഹ്‌റൈന്‍ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.