മനാമ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. ദാന മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 16 വരെ ഉത്സവ് നീണ്ടുനില്‍ക്കും.
ഇന്ത്യന്‍ അംബാസഡര്‍ ലുലുവിന്റെ ഈ സംരംഭത്തെ അഭിനന്ദിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളാണ് ഉത്സവിന്റെ പ്രധാന ആകര്‍ഷണം. മാംസം, മത്സ്യം എന്നിവക്ക് 25 ശതമാനം കിഴിവ്, പുരുഷന്‍മാരുടെ വിവിധ വസ്ത്രങ്ങള്‍ക്ക് ബൈ 2-ഗെറ്റ് 2 ഓഫര്‍, എത്നിക് ഫാഷനില്‍ മികച്ച ഓഫറുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം ലഭ്യമാണ്.
കൂടാതെ ഇന്ത്യന്‍ സംരംഭകരായ വനിതകളുടെയും ഭക്ഷ്യസംരംഭകരുടെയും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ‘ഇന്ത്യ ഉത്സവ്’ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദത്തിന്റെയും വാണിജ്യത്തിന്റെയും സമ്പന്നമായ ബന്ധത്തെ ആഘോഷിക്കുന്ന ഒരു പ്രധാന വേദിയാണെന്ന് ലുലു ഗ്രൂപ്പിന്റെ റീട്ടെയില്‍ ഡയറക്ടര്‍ ജുസര്‍ രൂപവാല പറഞ്ഞു.
‘ഇന്ത്യയിലുടനീളമുള്ള വിതരണക്കാരുടെയും ലോജിസ്റ്റിക്സിന്റെയും വെയര്‍ഹൗസുകളുടെയും വിപുലമായ ശൃംഖലയിലൂടെ മികച്ച ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹ്റൈനിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ബഹ്റൈനിലെ സമൂഹത്തെ ഇന്ത്യയോടുള്ള സ്‌നേഹം പങ്കിടാന്‍ സ്വാഗതം ചെയ്യുന്നതാണ് ഈ ഉത്സവം. ഇന്ത്യക്കാരും മറ്റു രാജ്യക്കാരും ഒരുപോലെ ഈ വര്‍ണാഭമായ ഉത്സവം ഇഷ്ടപ്പെടുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.