മനാമ: മൈഗവ് മൊബൈല്‍ ആപ്പിലേക്ക് 24 പുതിയ സര്‍ക്കാര്‍ സേവനങ്ങള്‍ ചേര്‍ത്തതായി ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്ദ് അറിയിച്ചു. ഇന്റീരിയര്‍, സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക്, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍സ്, വൈദ്യുതി, വെള്ളം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സേവനങ്ങളാണ് ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
അവയവദാന ഐക്കണ്‍ ഓപ്ഷന്‍, പേയ്മെന്റ് അറിയിപ്പുകള്‍, അടിയന്തര അലേര്‍ട്ടുകള്‍ തുടങ്ങിയ വിപുലീകരിച്ച സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഡി കാര്‍ഡ് ഇഷ്യു ചെയ്യുന്നതിനുള്ള സേവനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പേയ്‌മെന്റ് നോട്ടിഫിക്കേഷനുകള്‍, അടിയന്തര സാഹചര്യങ്ങളിലെ അലര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വ്യക്തികള്‍ക്കുള്ള ‘മൈഗവ്’, ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ‘അല്‍താജിര്‍’, സന്ദര്‍ശകര്‍ക്കുള്ള ‘വിസിറ്റ് ബഹ്റൈന്‍’ എന്നീ മൂന്ന് പ്രധാന പ്ലാറ്റ്ഫോമുകളിലേക്ക് എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അല്‍ ഖ്വയ്ദ് പറഞ്ഞു. വൈദ്യുതി, ജല ആപ്പ് സേവനങ്ങള്‍ മൈഗവ് ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇ-ട്രാഫിക് ആപ്പ് സേവനങ്ങള്‍ സംയോജിപ്പിക്കുന്നത് പുരോഗമിക്കുകയാണെന്നും അല്‍ ഖ്വയ്ദ് കൂട്ടിച്ചേര്‍ത്തു.