മനാമ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി ‘രംഗ് എ ആസാദി: വൈവിധ്യങ്ങളാല്‍ നിറം പകര്‍ന്ന ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍ ബഹ്റൈന്‍ കലാലയം സാംസ്‌കാരിക വേദി സല്‍മാബാദില്‍ വെച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ലോകത്തിന്റെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലിരുന്ന് മാതൃരാജ്യത്തിന് വേണ്ടി നടത്തിയ പൂര്‍വീകരുടെ പരിശ്രമങ്ങളെ അന്വേഷണാത്മകമായി പരിചയപ്പെടുത്തിയ അവതരണങ്ങള്‍ പരിപാടിയില്‍ നടന്നു.
ജര്‍മനി, ജപ്പാന്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തിയ അന്നത്തെ പ്രവാസികളുടെ സംഭാവനകളെ സംഗമം സ്മരിച്ചു. ജനാധിപത്യത്തിന്റെ ആണിക്കല്ല് തന്നെ ഇളക്കുമാര്‍ രാജ്യത്ത് നടന്ന കള്ള വോട്ട് വിഷയത്തില്‍ ഗൗരവപൂര്‍വമുള്ള അന്വേഷണങ്ങളും ജാഗ്രതയും വേണെമെന്ന് സംഗമം അഭിപ്രായപെട്ടു.
രാഷ്ട്ര ശില്‍പികളായ ഗാന്ധിയും നെഹ്റുവുമെല്ലാം ഫലസ്തീന്‍ ജനതയോട് ഐക്യപ്പെട്ട ഭൂതകാല ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വര്‍ത്തമാന സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങളോട് എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്ന് നില്‍ക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട് എന്ന സന്ദേശം കൂടി സ്വാതന്ത്ര്യദിന പരിപാടി നല്‍കി.
ഒഐസിസി ഗ്ലോബല്‍ അംഗം ബിനു കുന്നന്താനം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഐസി എഫ് നാഷണല്‍ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം റഷീദ് തെന്നല എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി.
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് മങ്കര, നാഷനല്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കല്‍ എന്നിവര്‍ പങ്കെടുത്തു. കലാലയം സെക്രട്ടറിമാരായ മിദ്ലാജ് സ്വാഗതവും സ്വലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു.