മനാമ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഇന്നലെ അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ബഹ്റൈന്‍. ഉക്രൈനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്ത കൂടിക്കാഴ്ചയ്ക്ക് ബഹ്റൈന്‍ രാജ്യത്തിന്റെ നന്ദി അറിയിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആഗോള സമാധാനത്തിന് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പ്രചോദനവും ഒരു ചരിത്ര കൂടിക്കാഴ്ചയാണിതെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ഉക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍, റഷ്യന്‍ പ്രസിഡന്റുമാര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ കൈവരിച്ച നല്ല പുരോഗതിയെ മന്ത്രാലയം പ്രശംസിച്ചു.
‘ഉക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കാനും യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം സ്ഥിരത ഉറപ്പാക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും കഴിയുന്ന ഒരു പരിഹാരത്തിലേക്കുള്ള ക്രിയാത്മക ചുവടുവയ്പ്പായി ഇതിനെ കണക്കാക്കുന്നു. ആഗോള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും പ്രാധാന്യമുണ്ട്.’, വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.