മനാമ: ഓണ്‍ലൈന്‍ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് ബഹ്റൈനില്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നതെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത്തരം വിപത്തുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ സമൂഹവും കുടുംബാംഗങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമന്നും ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഈ വര്‍ഷം ജൂലൈ വരെയുളള ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്റെ കണക്കുകള്‍ പ്രകാരം 17ഓളം കുട്ടികളാണ് ഓണ്‍ലൈന്‍ വഴിയുള്ള ചൂഷണത്തിനും ബ്ലാക്ക് മെയിലിങ്ങിനും ഇരകളായത്. നിലവില്‍ 14 കേസുകളില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രണ്ട് കേസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഒരു കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതായി ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ചീഫ് മുഹമ്മദ് ബുഹാജി വ്യക്തമാക്കി.
നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ അവരുടെ രീതികള്‍ നിരന്തരം മാറ്റുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളാണ് പ്രധാന വില്ലന്‍. ഓണ്‍ലൈന്‍ പ്ലാാറ്റുഫോമുകളില്‍ ഇത്തരക്കാര്‍ ശബ്ദം മാറ്റി സംസാരിക്കുകയും ഗെയിമുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ ഉപയോഗിച്ച് അപരിചിതരുമായി ചങ്ങാത്തം കൂടാനും സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കാനും കുട്ടികളെ പ്രേരിപ്പിക്കാറുണ്ട്. ഇതിന് പിന്നാലെയാണ് ബ്ലാക്ക് മെയിലിങ്ങിന് കുട്ടികള്‍ ഇരകളാകുന്നത്.
കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുക, കിടപ്പുമുറികളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക, കുട്ടികളില്‍ എന്തെങ്കിലും പെട്ടെന്നുള്ള ശാരീരികമോ മാനസികമോ ആയ മാറ്റങ്ങളുണ്ടായാല്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഓണ്‍ലൈന്‍ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ അറിയിച്ചു.