മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് 2025ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് കുരുന്നുകള്‍. ആറാഴ്ചകള്‍ നീണ്ടുനിന്ന സമ്മര്‍ ക്യാമ്പിന്റെ സമാപനച്ചടങ്ങ് ഓഗസ്റ്റ് 15നാണ് നടന്നത്. 4 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
യോഗ, കലാപ്രവര്‍ത്തനങ്ങള്‍, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം, കരാട്ടെ, ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. മിക്ക പരിപാടികളും ഇന്ത്യന്‍ ക്ലബ്ബിലാണ് നടന്നത്. അതിനു പുറമെ ആഴ്ചതോറുമുള്ള നീന്തല്‍ യാത്രകളും സ്ഥല സന്ദര്‍ശനങ്ങളും ഉണ്ടായിരുന്നു.
പരിപാടി നടത്തുന്നതില്‍ പിന്തുണ നല്‍കിയ സമ്മര്‍ ക്യാമ്പ് അധ്യാപകര്‍, വോളണ്ടിയര്‍മാര്‍, നൂര്‍ സ്‌പോര്‍ട്‌സ് & സ്റ്റാഫ് എന്നിവര്‍ക്ക് ഇന്ത്യന്‍ ക്ലബ് അധികൃതര്‍ നന്ദി അറിയിച്ചു. പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ അവാല്‍ ഡയറി, അല്‍ ഔജാന്‍, പി ഹരിദാസ് & സണ്‍സ് എന്നിവര്‍ക്ക് ഇന്ത്യന്‍ ക്ലബ്ബ് അംഗങ്ങളുടെ പേരില്‍ പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നന്ദി അറിയിച്ചു.