മനാമ: ജനാധിപത്യ രാജ്യത്ത് വോട്ടവകാശങ്ങള്‍ നിഷേധിച്ച് ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളയും അരിക് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഗൂഢ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ശക്തികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നും രാഷ്ട്ര ശില്‍പികള്‍ സ്വപ്നം കണ്ട ഇന്ത്യക്കായി കൈക്കോര്‍ക്കണമെന്നും സുപ്രഭാതം ദിനപത്രം റസിഡന്റ് എഡിറ്റര്‍ സത്താര്‍ പന്തല്ലൂര്‍.
‘മതേതരത്വം-ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ചത്വരം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യര്‍ നേടിയ വിജയമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന് തങ്ങള്‍ പറഞ്ഞു.
റവറര്‍ ഫാദര്‍ അനൂപ് സാം മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാതന്ത്ര്യ ഇന്ത്യക്കായി പോരാടിയ പൂര്‍വ്വികരെ ബഹുമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നതോടൊപ്പം രാജ്യത്തെ തകര്‍ത്ത് കളയുന്ന ലഹരി എന്ന വിപത്തിനെതിരെയും നാം ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിജ്ഞക്ക് സജീര്‍ പന്തക്കാലും ദേശീയോദ്ഗ്രഥന ഗാനാലാപനത്തിന് സാജിദ് ഫൈസി, ഫാസില്‍ വാഫി, ജസീര്‍ വാരം നേതൃത്വം നല്‍കി.
ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു കുന്നന്താനം, ബഷീര്‍ അമ്പലായി, എബ്രഹാം ജോണ്‍, ബിനു മന്നില്‍, ഷിബിന്‍, റഫീഖ് അബ്ദുല്ല, കെടി സലീം, ചെമ്പന്‍ ജലാല്‍, സൈദ് ഹനീഫ്, അന്‍വര്‍, റഷീദ് മാഹി, ഫാസില്‍ വട്ടോളി കെഎംഎസ് മൗലവി, ബശീര്‍ ദാരിമി, അശ്‌റഫ് അന്‍വരി ചേലക്കര തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്‌കെഎസ്എസ്എഫ് വിഖായ, എസ്‌കെഎസ്ബിവി തുടങ്ങി വിവിധ കീഴ്ഘടകങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
നിഷാന്‍ ബാഖവി സ്വാഗതം പറഞ്ഞ ചടങ്ങിന് ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറയും സെക്രട്ടറിമാരായ അഹമദ് മുനീര്‍, റാഷിദ് കക്കട്ടില്‍, ഷാജഹാന്‍ കടലായി എന്നിവര്‍ നേതൃത്വം നല്‍കി ഓര്‍ഗനൈസിങ് സെക്രട്ടറി പിബി മുഹമ്മദ് ഫറോക്ക് നന്ദിയും പറഞ്ഞു.