കണ്ണൂർ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ മലയാളി പ്രവാസി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാജം മെമ്പർമാരുടെയും ബഹ്‌റൈൻ പ്രവാസികളുടെയും കേരളത്തിലെ വാർഷിക ഒത്തുചേരലായ ബികെഎസ് ഹാർമണി 2025 കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്സിൽ വെച്ച് ആഗസ്റ്റ് 16ന് നടന്നു. ഉച്ചയ്ക്ക് മൂന്നു മുതൽ ആരംഭിച്ച് രാത്രി പത്തുവരെ നടന്ന പ്രവാസി സംഗമത്തിൽ ആയിരത്തോളം ബഹ്‌റൈൻ മുൻ പ്രവാസികളുടെയും നിലവിൽ പ്രവാസജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പിവി രാധാ കൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുൻ അംബാസഡർ അജയ് കുമാർ അമ്പാൻ, മുൻ മന്ത്രി ഇപി ജയരാജൻ, നോർക്ക പ്രതിനിധി പ്രകാശ് പി ജോസഫ്, പത്മശ്രീ ജി ശങ്കർ, മുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ തുടങ്ങിയവർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹാർമണി ജനറൽ കൺവീനർ മാരായ സോമരാജൻ തറോളും സുനേഷ് സാസ്കോ, മോഹൻ രാജ് പിഎൻ എന്നിവരും സന്നിഹിതരായിരുന്നു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.
സംഗമത്തിൽ വച്ചു മുൻ ബഹ്‌റൈൻ പ്രവാസിയും സമാജം അംഗവും പ്രശസ്ത സാഹിത്യകാരനുമായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ആയ മൾബെറിയുടെ പ്രകാശന കർമ്മം കഥാ കുലപതി ടി പദ്മനാഭൻ നിർവ്വഹിച്ചു. എം മുകുന്ദൻ, പത്മശ്രീ ജി ശങ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബെന്ന്യാമിൻ മറുപടി പ്രസംഗം നിർവ്വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കെവി സുമേഷ് എംഎൽ എ, മുൻ എംപി രമ്യാ ഹരിദാസ്, കൃഷ്ണ ബീച്ച് റിസോർട്സ് മാനേജിങ് പാർട്ട്നർ ഡോ. സിവി രവീന്ദ്ര നാഥ് തുടങ്ങിയ നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംഗമത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
വിജയകരമായ തിരുവനന്തപുരം, തൃശ്ശൂർ സംഗമങ്ങൾക്ക് ശേഷം കണ്ണൂരിൽ നടന്ന മൂന്നാമത് ബികെഎസ് ഹാർമണി 2025 കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് കൂടുതൽ ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ചികിത്സാ ഫണ്ട് വിതരണം ചെയ്തു. മറ്റു ചികിത്സാ ധന സമാഹരണ പദ്ധതികൾക്കും സംഗമത്തിൽ തുടക്കം കുറിച്ചു. ശ്രീകുമാർ നയിച്ച ഹാർമണി കുടുംബാംഗങ്ങളുടെ സംഗീത വിരുന്നും ഐശ്വര്യ രഞ്ജിത്തിന്റെ നൃത്തനൃത്യവും സംഗമത്തിന് നിറം പകർന്നു.