മനാമ: വംശീയമായ മുൻവിധിയോടെ നടത്തുന്ന പൗരത്വ നിഷേധങ്ങളെ യഥാർഥ ഇന്ത്യക്കാരന് അംഗീകരിക്കാനാവില്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിംങ്ങളെ പുറത്താക്കാനുള്ള ശ്രമമാണ് യൂണിയൻ സർക്കാർ ആദ്യം നടത്തിയത്. ഇപ്പോൾ ബിഹാറിൽ വോട്ടർ പട്ടികയിലൂടെ പുറത്താക്കപ്പെടുന്ന 65 ലക്ഷം മനുഷ്യരിൽ മുസ്‌ലിംങ്ങളും ദലിതരും ആദിവാസികളുമാണ് ഉള്ളത്. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പ്രവാസി സെൻററിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യയ ദിന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ പൗരത്വ നിഷേധത്തിലൂടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്നു മാറ്റിനിർത്തുന്നതും അധികാരങ്ങളും അവകാശങ്ങളുമില്ലാത്ത ജനതയാക്കി മാറ്റുക എന്ന വംശീയ ഉദ്ദേശത്തോടെ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാരെയെല്ലാം തുല്യരായി കണ്ട് രാജ്യത്തിൻ്റെ മുഴുവൻ വിഭവത്തിലും വിതരണത്തിലും സാമൂഹ്യ നീതി പാലിക്കുവാൻ കഴിയുമ്പോഴാണ് നാം ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്മാരാകുക എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. രാജ്യത്തിന്റെ ഡിജിറ്റൽ ശക്തിയുടെ പ്രത്യേകതകൾ വർണ്ണിക്കുന്ന സമയത്ത് തന്നെയാണ് വോട്ടേഴ്സ് ലിസ്റ്റിന്റെ പകർപ്പുകൾ ഡിജിറ്റലായ് നൽകാതിരിക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. 80 കോടി റേഷൻ കാർഡും അതിൽ കൂടുതൽ ആധാറുമുള്ള ഇന്ത്യാ മഹാരാജ്യത്തെ പൗരന്മാർക്ക് പൗരത്വം തെളിയിക്കാൻ അതൊരു ഐഡന്റിറ്റി അല്ല എന്ന് പറയുന്നത് അംഗീകരിക്കാൻ ആവില്ല. നമ്മെ ഭരിക്കുന്നവർ നാം തിരഞ്ഞെടുത്തവരാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പിറന്ന് വീണ മനുഷ്യരുടെ പൗരത്വത്തിന് മതത്തെ അടിസ്ഥാനമാക്കുന്നത് നീതികേടാണ്. അതിനെ പ്രതിരോധിക്കേണ്ടത് രാജ്യത്തെ മുഴുവൻ ജനാധിപത്യ സമൂഹത്തിന്റെയും ബാധ്യതയാണ് എന്ന് ഒ ഐ സി സി പ്രതിനിധി സൽമാനുൽ ഫാരിസ് പറഞ്ഞു. ഗാന്ധിജി രാജ്യത്തിനു മുന്നിൽ സമർപ്പിച്ചത് മര്യാദാ പുരുഷോത്തമനായ രാമൻ്റെ രാമരാജ്യം ആണ്. സംഘ പരിവാർ മുന്നോട്ട് വക്കുന്നത് ഭിന്നിപ്പിൻ്റെതാണ് എന്ന് സാമൂഹിക പ്രവർത്തകനായ അനിൽകുമാർ യു കെ പറഞ്ഞു.
വെൽകെയർ കൺവീനർ മുഹമ്മദ് അലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, ശരീഫ് കൊച്ചി, ഫസലുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വംശീയ മുൻ വിധിയോടെ പൗരത്വത്തിന്റെ പേരിൽ ബുൾഡോസർ രാജിലൂടെ കിടപ്പാടം തകർക്കപ്പെടുകയും ജനാധിപത്യ പ്രതിഷേധം നടത്തുന്നവർ കൊല്ലപ്പെടുകയും ചെയ്യുന്ന അസമിലെ മനുഷ്യരോടും അന്യായമായി
വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറം തള്ളപ്പെടുന്ന ബീഹാർ ജനതയോടും വംശീയതയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്ന മറ്റ് രാജ്യ നിവാസികളോടും സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മനാമ സോണൽ സെക്രട്ടറി അസ്‌ലം വേളം നന്ദിയും പറഞ്ഞു. ഷാഹുൽ ഹമീദ് വെന്നിയൂർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുല്ല കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ രാജീവ് നാവായിക്കുളം എന്നിവർ നേതൃത്വം നൽകി.