മനാമ: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ഇംഗ്ലീഷ് കവിതയിലെ മികവിനാണ് മലയാളിയായ ഏഴുവയസ്സുകാരി ഫെല്ല മെഹക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
ബഹ്റൈനില്‍ എഞ്ചിനീയറായ കൊല്ലം സ്വദേശി അക്ബര്‍ ഷായുടെയും അഭിഭാഷകയായ കായകുളം സ്വദേശി അഡ്വ. ഷഫ്നയുടെയും മകളാണ്. നല്‍കിയ വിഷയങ്ങളില്‍ 8 മിനിറ്റും 47 സെക്കന്‍ഡും കൊണ്ട് 20 പുതിയ കവിതകള്‍ ചൊല്ലിയാണ് ഫെല്ല മെഹക് ഈ നേട്ടം കരസ്ഥമാക്കിയത്.
എല്‍കെജി മുതല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന ഫെല്ല കളിമണ്‍ മോഡലിംഗ്, നൃത്തം, ക്രാഫ്റ്റ്, ഡ്രോയിംഗ്, കളറിംഗ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. കഥകളോടുള്ള ഫെല്ലയുടെ ഇഷ്ടം കുട്ടിക്കാലം മുതലേ ആരംഭിച്ചിരുന്നുവെന്നും തങ്ങള്‍ അതിനുള്ള പ്രചോദനം നല്‍കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അടുത്തിടെ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷനും മലര്‍വാടി ബാലസംഘവും സംഘടിപ്പിച്ച സിനര്‍ജി സമ്മര്‍ ഡിലൈറ്റ് സീസണ്‍ 3 ക്യാമ്പില്‍ മികച്ച ക്യാമ്പറായി ഫെല്ലയെ തിരഞ്ഞെടുത്തിരുന്നു. ശാസ്ത്രജ്ഞയാകണം എന്നാണ് ഫെല്ലയുടെ ആഗ്രഹം. പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. രണ്ടു വയസുകാരന്‍ ഐസിന്‍ ഹാഷ് മുഹമ്മദ് സഹോദരനാണ്.