മനാമ: ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബഹ്റൈന്‍. ഇനി മുതല്‍ അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കടുത്ത ശിക്ഷയാകും കുറ്റക്കാര്‍ക്ക് ലഭിക്കുക. നേരത്തെ നിയമഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ചാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
റോയല്‍ ഡിക്രി-ലോ നമ്പര്‍ (31) 2025 പ്രകാരം, രാജ്യത്തെ പീനല്‍ കോഡിലെ പ്രധാന വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ നിയമപ്രകാരം ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരാള്‍ മരിച്ചാല്‍ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 2,000 മുതല്‍ 6,000 ദിനാര്‍ വരെ പിഴയോ ആയിരിക്കും ശിക്ഷ.
അശ്രദ്ധ കാരണം ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചാല്‍ തടവ് ഏഴ് വര്‍ഷം വരെയും പിഴയും 10,000 ദിനാര്‍ വരെയും ശിക്ഷ ലഭിക്കും. കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളില്‍ ശിക്ഷ 10 വര്‍ഷം വരെയാകാം. അശ്രദ്ധമൂലം ഒരാള്‍ക്ക് ശാരീരികമായ പരിക്കുകള്‍ സംഭവിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ 200 ദിനാര്‍ വരെ പിഴയോ ശിക്ഷ ലഭിക്കും.
തൊഴില്‍പരമായ അശ്രദ്ധ, ലഹരി ഉപയോഗം, അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാതിരിക്കുക എന്നിവ കാരണം സ്ഥിരമായ പരിക്ക് സംഭവിച്ചാല്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 8,000 ദിനാര്‍ വരെ പിഴയോ ലഭിക്കാം. ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ശിക്ഷ രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവായി വര്‍ദ്ധിക്കാം. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.