മനാമ: സൂര്യാഘാതത്തില്‍ നിന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി തൊഴിലുടമകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തൊഴില്‍ മന്ത്രാലയം. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൂര്യാഘാതം, നിര്‍ജ്ജലീകരണം, ചര്‍മ്മം പൊള്ളല്‍, ഹൃദയത്തെയും വൃക്കകളെയും ബാധിക്കുന്ന ദീര്‍ഘകാല രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗുരുതരമായ കേസുകളില്‍ ബോധക്ഷയമോ അപസ്മാരമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ 999ല്‍ വിളിച്ച് അടിയന്തര സഹായം തേടണം.
കൂടാതെ തലവേദന, ക്ഷീണം, ഓക്കാനം, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
തൊഴിലാളികള്‍ക്ക് തണുത്തവെള്ളം നല്‍കുക, പതിവായ ഇടവേളകള്‍ അനുവദിക്കുക, ഓരോ 15-20 മിനിറ്റിലും വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങള്‍ നല്‍കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവ തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ്. തൊഴിലാളികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ജോലി സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ കോണ്‍ടാക്റ്റ് പോയിന്റുകള്‍ ഉണ്ടാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് രാജ്യത്ത് നിരോധനമുണ്ട്. ഈ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും ലഭിക്കാം.